Wednesday 29 June 2016

തൃശ്ശൂര്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ. സി. ബാബു വിരമിക്കുന്നു




കേരളത്തിലെ വിവിധ ഡയറ്റുകളിലെ ദീര്‍ഘകാലത്തെ പ്രശസ്ത സേവനത്തിനുശേഷം പ്രിന്‍സിപ്പാള്‍ ശ്രീ. സി. ബാബു തൃശ്ശൂര്‍ ഡയറ്റില്‍ നിന്ന് ഈ വര്‍ഷം വിരമിക്കുകയാണ്. ‍ഡയറ്റ് അധ്യാപകന്‍ എന്ന നിലയിലും പ്രിന്‍സിപ്പാള്‍ എന്ന നിലയിലും കേരളത്തില്‍ എങ്ങും നിറഞ്ഞുനിന്നിരുന്ന ശ്രീ. ബാബു അവര്‍കള്‍ വിദ്യാഭ്യാസ മേഖലയിലെ മികച്ച സംഘാടകനും ഭരണകര്‍ത്താവുമായാണ് അറിയപ്പെടുന്നത്. നൂതനമായ ആശയങ്ങളും പ്രവര്‍ത്തന പദ്ധതികളും രൂപകല്പന ചെയ്യുന്നതിലും ഏറ്റെടുക്കുന്നതിലും നടപ്പിലാക്കുന്നതിലുമുള്ള വൈദഗ്ധ്യം അദ്ദേഹത്തിന്റെ അക്കാദമിക നേതൃത്വത്തെ വ്യത്യസ്തമാക്കി.


തന്റെ 37 വര്‍ഷത്തെ സേവനകാലാവധി പൂര്‍ത്തിയാക്കിയശേഷമാണ് 2016 ‍ജൂണ്‍ 30ന് അദ്ദേഹം സര്‍വ്വീസില്‍നിന്ന് വിരമിക്കുന്നത്. 1979 ജൂണ്‍ ആറിന് മലപ്പുറം ജില്ലയിലെ ചെമ്പ്രശ്ശേരി എ.യു.പി. സ്കൂളിലെ പ്രൈമറി അധ്യാപകനായാണ് അദ്ദേഹം തന്റെ സര്‍വ്വീസ് ആരംഭിക്കുന്നത്. തുടര്‍ന്ന് വയനാട് ജില്ലയിലെ നെല്ലറച്ചാല്‍ ഗവ. യു.പി. സ്കൂള്‍, പാലക്കാട് ജില്ലയിലെ തോലനൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍, ചാത്തനൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. 1994 ല്‍ സീനിയര്‍ ലക്ചററായി പാലക്കാട് ഡയറ്റില്‍ ജോലിയില്‍ പ്രവേശിച്ചു. രണ്ടായിരത്തില്‍ ഇടുക്കി ഡയറ്റ് പ്രിന്‍സിപ്പാളായി ജോലിക്കയറ്റം ലഭിച്ചതിനുശേഷം കഴിഞ്ഞ പതിനാറ് വര്‍ഷമായി ഇടുക്കി, തൃശ്ശൂര്‍, എറമാകുളം, പാലക്കാട് ഡയറ്റുകളില്‍ വിവിധ കാലയളവുകളില്‍ പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിച്ചുവരുന്നു.
ദീര്‍ഘകാലത്തെ സര്‍വ്വീസ് കാലയളവിനിടയില്‍ കേരളത്തിലെ വിദ്യാഭ്യാസചരിത്രത്തിലെ ഗതി നിര്‍ണ്ണായകങ്ങളായ ഒട്ടേറ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും നേതൃത്വം കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി, സര്‍വ്വ ശിക്ഷാ അഭിയാന്‍, വിവിധ പാഠ്യപദ്ധതി പരിഷ്കരണങ്ങള്‍, ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലുള്ള ഗവേഷണപദ്ധതികള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍ … അങ്ങിനെ സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം. . കേരളത്തിലെ ഡയറ്റുകളുടെ ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ദേശീയ സെമിനാറിനും ഇന്റേണല്‍ സപ്പോര്‍ട്ട് മിഷനെരെ സംസ്ഥാന സെമിനാറിനും തൃശ്ശൂര്‍ ഡയറ്റ് ആഥിത്യമരുളിയത് ബാബുസാറിന്റെ നേതൃത്വത്തിലുള്ള കൂട്ടായ പ്രവര്‍ത്തനമായിരുന്നു.

1954-ല്‍ മുവാറ്റുപുഴയിലാണ് ജനനം. സഹധര്‍മിണി ശ്രീമതി. മീര എടപ്പാള്‍ ഭാരതീയ വിദ്യാഭവന്‍ വൈസ് പ്രിന്‍സിപ്പാളായി ജോലി ചെയ്യുന്നു. മകള്‍ അഞ്ജലി മലപ്പുറം കോട്ടപ്പടി എം. . എസ്.എസ്. ആയുര്‍വ്വേദ ആശുപത്രിയില്‍ ഡോക്ടറും മകന്‍ അതുല്‍ ബി. ടെക് മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയുമാണ്. 2000 മുതല്‍ എടപ്പാളിനടുത്ത് കണ്ടനകത്ത് സ്ഥിരതാമസം. ഔദ്യോഗികജീവിതത്തില്‍നിന്ന് പടിയിറങ്ങുന്ന ഈ വേളയില്‍ ശ്രീ. ബാബു അവര്‍കള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു