Friday 15 July 2016

ചോദ്യങ്ങള്‍ ചോദിക്കുക


കൂട്ടുകാരേ,
എല്ലാവരും നന്നായി പഠിക്കുന്നുണ്ടാകുമല്ലോ? ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുകയും പഠിക്കുകയും ചെയ്യുന്ന തിരക്കിനിടയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ നമ്മള്‍ മറന്നുപോകുന്നുണ്ടോ? ഇനി ചോദ്യങ്ങള്‍ ചോദിക്കുകയും വേണോ എന്ന് തോന്നുന്നുണ്ടാകും അല്ലേ? ശരിയാണ്. മികച്ച സ്കാര്‍ നേടാനും ജീവിതത്തില്‍ വിജയം വരിക്കാനും ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയും പഠിക്കുകയും തന്നെ വേണം.

പക്ഷെ, ജീവിതത്തില്‍ വിജയങ്ങള്‍ നേടാന്‍ ഉത്തരങ്ങള്‍ മാത്രം പോരാ എന്ന് പലരും നമ്മെ ഓര്‍മിപ്പിക്കുന്നു. ഇന്ത്യയുടെ പുതിയ മാനവ വിഭവശേഷി മന്ത്രിയായ ശ്രീ. പ്രകാശ് ജാവേദ്കറും രാജ്യത്തെ കുട്ടികളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ശീലിക്കണം എന്നു പറഞ്ഞിരുന്നു. (ന്യൂ ഡല്‍ഹി, 2016 ജൂലൈ 8) കിട്ടിയ ഉത്തരങ്ങള്‍ പഠിക്കുകയും പറയുകയും മാത്രമാണ് ചെയ്തിരുന്നതെങ്കില്‍ മനുഷ്യവംശം ഇന്ന് നേടിയ പുരോഗതികള്‍ നേടുമായിരുന്നോ എന്നുപോലും സംശയമാണ്. നിരന്തരമായ സംശയങ്ങളുടേയും ചോദ്യങ്ങളുടേയും അന്വേഷണങ്ങളുടേയും കണ്ടെത്തലുകളുടേയും ആകെത്തുകയാണ് മനുഷ്യന്റെ എല്ലാ നേട്ടങ്ങളും.

പഠിക്കുന്ന കാര്യത്തില്‍ താല്പര്യം ഉണ്ടാകുമ്പോഴാണ് നമ്മുടെ മനസ്സില്‍ സംശയങ്ങള്‍ രൂപപ്പെടുന്നത്. പഠനവിഷയത്തില്‍ താല്പര്യമുണ്ടാകുമ്പോള്‍ ചോദ്യങ്ങള്‍ ഉണ്ടാകുന്നു. ചോദ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ താല്പര്യവും ഉണ്ടാകുന്നു. താല്പര്യമില്ലാത്ത കാര്യത്തില്‍ നമുക്ക് സംശയങ്ങളുണ്ടാവില്ല, ചോദ്യങ്ങളുമുണ്ടാവില്ല. താല്പര്യം പഠനത്തെ അര്‍ഥപൂര്‍മമാക്കുന്നു. താല്പര്യപൂര്‍വ്വം മനസ്സിലാക്കി പഠിക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ കാലം ഓര്‍ത്തു വെയ്ക്കാനും ആവശ്യമുള്ള സമയത്തും സന്ദര്‍ഭത്തിലും ഉപയോഗപ്പെടുത്താനും കഴിയുന്നു. പഠിക്കുന്ന വിഷയത്തെപ്പറ്റി ഒരാള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങുമ്പോഴാണ് സത്യത്തില്‍ അയാള്‍ പഠിക്കാന്‍ തുടങ്ങുന്നത്.

ചോദ്യങ്ങള്‍ ചോദിക്കുക എന്ന് പറയാനൊക്കെ എളുപ്പമാണെങ്കിലും അത് അത്ര ലളിതമായ കാര്യമല്ല. ചോദ്യങ്ങള്‍ ചോദിക്കുന്നതിനെ അത്രയൊന്നും പ്രോത്സാഹിപ്പിക്കുന്ന സമൂഹമല്ല നമ്മുടേത്. മുതിര്‍ന്നവര്‍ ചോദ്യങ്ങള്‍ ചോദിക്കുക കുട്ടികള്‍ ഉത്തരം പറയുക എന്താണ് നമ്മുടെ ഒരു രീതി. ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നു മാത്രമല്ല, അവരെ 'സംശയം വാസു' (doubting Thomas?) മാരാക്കി ശല്യക്കാരായി കണക്കാക്കി അവഗണിക്കുകയും ഒഴിവാക്കുകയും ചെയ്തേക്കാം. ചോദ്യങ്ങള്‍ ചോദിക്കുന്നവരെ വിനയവും അനുസരണയും ഇല്ലാത്തവരായും ധിക്കാരികളായും നിഷേധികളായുമൊക്കെ കണക്കാക്കിയേക്കാവുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഗുരുവും ശിഷ്യനും തമമിലുള്ള ചോദ്യോത്തരങ്ങളിലൂടെ ഗഹനമായ എത്രയോ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത വളര്‍ന്ന വേദങ്ങളുടെ നാടാണിത് എന്നോര്‍ക്കണം. ഏതായാലും ചോദ്യങ്ങളെ കരുതലോടെ ഉപയോഗിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ശ്രമിച്ചു നോക്കൂ. 
  • കാര്യങ്ങള്‍ അറിയാനുള്ള യഥാര്‍ഥ താല്‍പര്യത്തോടെയാവണം ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടത്
  • നമുക്ക് സ്വയം പരിഹരിക്കാനാവാത്ത പ്രശ്നങ്ങളായിരിക്കണം ചോദ്യങ്ങളായും സംശയങ്ങളായും ഉന്നയിക്കേണ്ടത്. ബാലിശമായ ചോദ്യങ്ങള്‍ ഒഴിവാക്കുക.
  • ക്ലാസ്സുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം വരാത്ത രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ശ്രദ്ധിക്കുക. അനവസരത്തില്‍ ഇടക്കു കയറിയുള്ള ചോദ്യങ്ങള്‍ ചിലപ്പോള്‍ ചോദ്യകര്‍ത്താവിനെപ്പറ്റി തെറ്റുധാരണ ഉണ്ടാക്കിയോക്കാം. ഇടക്കു കയറി തടസ്സപ്പെടുത്തിയുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കാം.
  • ചോദ്യങ്ങള്‍ ചോദിക്കാന്‍ നമുക്കു കിട്ടുന്ന അവസരങ്ങള്‍ ഉപയോഗിക്കുക. നല്ല ക്ലാസ്സുകളിലെല്ലാം സെഷനുകളുടെ അവസാനം ചോദ്യങ്ങള്‍ക്ക് സമയം നല്‍കാറുണ്ട് ഇല്ലെങ്കില്‍ ക്ലാസ് കഴിഞ്ഞതിനുശേഷമുള്ള സമയത്ത് അനുവാദത്തോടെ ചോദ്യങ്ങള്‍ ചോദിക്കാം .
  • ചുരുക്കി, ലളിതമയി, പറ്റുന്നത്ര വിനയത്തോടെ ചോദ്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുക. എത്ര ദുഷ്കരമായ കാര്യവും ലളിതവും സന്തോഷകരമായി അവതരിപ്പിക്കാന്‍ ശ്രമിക്കാന്‍ നമുക്ക് കഴിയും.
സംശയങ്ങള്‍ വിജയത്തിന്റെ വിത്തുകളാണ്. മികച്ച വിളവുകള്‍ കൊയ്യാനാഗ്രഹിക്കുന്നവര്‍ വിത്തിന്റെ കാര്യം മറക്കാതിരിക്കുക. ചോദ്യങ്ങളൊന്നും ബാക്കി വെച്ച് പോകാതിരിക്കുക. വിവരങ്ങളൊന്നും അപ്പടി വിഴുങ്ങാതിരിക്കുക. ചവച്ചരച്ചാല്‍ ദഹനം എളുപ്പമാകും എന്ന് പഠിച്ചിട്ടില്ലേ. അതുപോലെ സംശയങ്ങള്‍ ഉന്നയിച്ചും ചോദ്യങ്ങള്‍ ചോദിച്ചുമുള്ള പഠനം പഠനത്തെയും എളുപ്പമാകുന്നു.